1 GBP = 103.82
breaking news

ഭാരത് ബന്ദ്: സംഘര്‍ഷങ്ങളിലെ മരണം 12 ആയി; ദലിത് നേതാക്കളുടെ വീടുകള്‍ തീയിട്ടു

ഭാരത് ബന്ദ്: സംഘര്‍ഷങ്ങളിലെ മരണം 12 ആയി; ദലിത് നേതാക്കളുടെ വീടുകള്‍ തീയിട്ടു

ദില്ലി: രാജ്യത്തെ വിവിധി ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. മധ്യപ്രദേശില്‍ എട്ടും ഉത്തര്‍പ്രദേശില്‍ രണ്ടും രാജസ്ഥാനില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ഭാരത് ബന്ദിന് ശേഷവും വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. രാജസ്ഥാനില്‍ ദലിതരായ എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.

പട്ടികജാതിവര്‍ഗ നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം ഭാരത് ബന്ദ് നടത്തിയത്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും നിരോധനാജ്ഞ തുടരുന്നുമുണ്ട്. രാജസ്ഥാനിലെ കരോളി ജില്ലയിലെ ഹിന്ദോണിലാണ് ദലിതരായ എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ ഒരുകൂട്ടം ആളുകള്‍ തീവെച്ച് നശിപ്പിച്ചത്. അക്രമികള്‍ ദലിത് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ആക്രമിക്കുകയും വാണിജ്യസ്ഥാപനത്തിന് തീയിടുകയും ചെയ്തു.

ബിജെപി എംഎല്‍എ രാജ്കുമാരി ജാതവ്, കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ഭരോസിലാല്‍ ജാതവ് എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയാക്കിയത്. സംവസമയം വീടുകളില്‍ ആരും ഉണ്ടായിരുന്നില്ല. പ്രദേശത്ത് നിരോധനാജ്ഞ നിലവിലിരിക്കെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.

അയ്യായിരത്തോളം വരുന്ന ആളുകളുടെ സംഘം രാജ്കുമാരി ജാതവിന്റെയും ഭരോസിലാല്‍ ജാതവിന്റെയും വീടുകള്‍ക്ക് സമീപം തടിച്ച് കൂടുകയായിരുന്നെന്ന് ഭരത്പൂര്‍ ഐജി അലോക് വസിഷ്ട പറഞ്ഞു. ഇവര്‍ കല്ലേറ് നടത്തുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ ഇന്റര്‍നെറ്റ് സംവിധാനവും റദ്ദാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more