1 GBP = 103.11
breaking news

ദളിത്‌ സംഘടനകളുടെ ഭാരത്‌ ബന്ദ്‌ : ഉത്തരേന്ത്യ കത്തുന്നു , വെടിവയ്‌പില്‍ 9 മരണം

ദളിത്‌ സംഘടനകളുടെ ഭാരത്‌ ബന്ദ്‌ : ഉത്തരേന്ത്യ കത്തുന്നു , വെടിവയ്‌പില്‍ 9 മരണം

ന്യൂഡല്‍ഹി: വിവിധ ദളിത്‌ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ ഉത്തരേന്ത്യയില്‍ അക്രമാസക്‌തമായി. സമരക്കാര്‍ പലയിടത്തും പോലീസുമായി ഏറ്റുമുട്ടി. മധ്യപ്രദേശില്‍ ആറു പേരും ഉത്തര്‍ പ്രദേശില്‍ രണ്ടും രാജസ്‌ഥാനില്‍ ഒരാളും കൊല്ലപ്പെട്ടു.
പല സംസ്‌ഥാനങ്ങളിലും പോലീസിനു നേരേ വ്യാപകമായ ആക്രമണമാണുണ്ടായത്‌. പലയിടങ്ങളിലായി നൂറോളം ട്രെയിനുകള്‍ തടഞ്ഞു.

ദേശീയപാതകളിലും ഗതാഗതം സ്‌തംഭിപ്പിച്ചു. നിരവധി സ്‌ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു തീവച്ചു. ഉത്തര്‍ പ്രദേശില്‍ മാത്രം നൂറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. മധ്യപ്രദേശിലെ ഭിന്‍ഡില്‍ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബില്‍ സൈന്യവും കേന്ദ്രസേനയും സുസജ്‌ജരായി രംഗത്തുണ്ട്‌. ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും കേന്ദ്രദ്രുതകര്‍മസേനയെ രംഗത്തിറക്കി.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പ്രതിഷേധപ്രകടനത്തിനിടെ ഒരാള്‍ കൈത്തോക്ക്‌ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തര്‍ പ്രദേശ്‌, ബിഹാര്‍, പഞ്ചാബ്‌, ഹരിയാന, ഒഡീഷ, ഝാര്‍ഖണ്ഡ്‌ സംസ്‌ഥാനങ്ങളിലും വ്യാപക സംഘര്‍ഷമുണ്ടായി.

പട്ടികജാതി/വര്‍ഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകള്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണെന്നാണു ബന്ദിന്‌ ആഹ്വാനം നല്‍കിയ ദളിത്‌ സംഘടനകളുടെ ആക്ഷേപം. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നു വാദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

മധ്യപ്രദേശിലെ ഗ്വാളിയറിലാണു പോലീസ്‌ വെടിവയ്‌പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത്‌. മധ്യപ്രദേശിലെ ഭിന്‍ഡിലും മൊറേനയിലും ഓരോ മരണങ്ങളുണ്ടായി. രാജസ്‌ഥാനിലെ ആള്‍വാറിലുണ്ടായ വെടിവയ്‌പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യു.പിയിലെ മുസഫര്‍ നഗറിലാണു മരണം. സമരക്കാരുടെ ആക്രമണത്തില്‍ നൂറുകണക്കിനു പോലീസുകാര്‍ക്കു പരുക്കേറ്റു.യു.പി. മീററ്റിലെ ശോഭാപുരില്‍ പ്രക്ഷോഭകര്‍ പോലീസ്‌ എയ്‌ഡ്‌പോസ്‌റ്റിനു തീവച്ചു. ഒരു കാറും മോട്ടോര്‍ സൈക്കിളും അടിച്ചുതകര്‍ത്തു. രാജസ്‌ഥാനിലെ ആള്‍വാറില്‍ പലയിടത്തും പോലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ക്കു തീവച്ചു. ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ കടയുടമ നടത്തിയ വെടിവയ്‌പില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഝാര്‍ഖണ്ഡില്‍ ചരക്കുലോറിക്കു പ്രക്ഷോഭകര്‍ തീവച്ചു.

സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ പഞ്ചാബില്‍ സി.ബി.എസ്‌.ഇ. ഇന്നലെ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവച്ചു. പഞ്ചാബില്‍ ഇന്റര്‍നെറ്റ്‌ സേവനം വിഛേദിച്ചു. ജലന്ധറിലും അമൃത്‌സറിലും വ്യാപാരകേന്ദ്രങ്ങള്‍ തുറന്നില്ല. ദേശീയപാതകളിലും ഗതാഗത തടസം സൃഷ്‌ടിച്ചു. ബിഹാറില്‍ പലേടത്തും ദീര്‍ഘദൂര ട്രെയിനുകള്‍ തടഞ്ഞു. ഡല്‍ഹിയിലെ ഗാസിയാബാദിലും പഞ്ചാബിലെ പട്യാലയിലും ബിഹാറിലെ ഫോര്‍ബ്‌സ്‌ഗഞ്ചിലും മധ്യപ്രദേശിലെ മൊറേനയിലും ഒഡീഷയിലെ സംബല്‍പുരിലും ട്രെയിന്‍ തടഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more