1 GBP = 104.05

അയോദ്ധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അയോദ്ധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: അയോദ്ധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ അവശ്യത്തില്‍ കോടതി വാദം കേള്‍ക്കും. ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ അവശ്യത്തിലാണ് വാദം തുടരുക. മുസ്‌ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെന്നാണ് സംഘടനകളുടെ വാദം.

ഈ വിഷയത്തില്‍ ഭരണഘടന ബഞ്ച് തീരുമാനം വന്ന ശേഷമേ അയോദ്ധ്യ കേസ് പരിഗണിക്കാവു എന്നാണ് ആവശ്യം. കേസില്‍ ഭരണഘടന ബെഞ്ചിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും നിലപാട്. ഭരണഘടന ബെഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തികച്ചും ഭൂമിതര്‍ക്കം മാത്രമായാവും അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുകയെന്നു സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രാമായണം, രാമചരിതമാനസം, ഭഗവത്ഗീത ഉള്‍പ്പടെ മൊത്തം 524 രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു. മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി. വിധിക്കെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജമിയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതുമുള്‍പ്പെടെ 13 ഹര്‍ജികളാണ് സുപ്രിം കോടതിയിലുള്ളത്. ഹാഷിം അന്‍സാരി മരിച്ചതിനാല്‍ മകന്‍ ഇക്ബാല്‍ അന്‍സാരിയാണ് ഇപ്പോള്‍ കക്ഷി.

അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനാവുമോയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള ഹര്‍ജിക്കാര്‍ സ്വീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more