അഗസ്റ്റ വെസ്റ്റിലാന്‍ഡ് അഴിമതി, ബ്രിട്ടീഷ് ഇടനിലക്കാരനെതിരേ ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്


അഗസ്റ്റ വെസ്റ്റിലാന്‍ഡ് അഴിമതി, ബ്രിട്ടീഷ് ഇടനിലക്കാരനെതിരേ ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന് എതിരേ ഡല്‍ഹിയിലെ പാട്യാല കോടതി ജാമ്യമില്ലാ വാറണ്ട പുറപ്പെടുവിച്ചു. ശനിയാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി നേരത്തെ മിഷേലിനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഫെബ്രുവരി 22 ന് വീണ്ടും പരിഗണിക്കും.

തനിക്കെതിരേ പുറപ്പെടുവിച്ചിരിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിക്കുകയും കേസിന്റെ പേരില്‍ തടവിലാക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്താല്‍ ഇന്ത്യയില്‍ വന്ന് അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണ് എന്ന് മിഷേല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ദുബായിലാണ് മിഷേല്‍.

ഹെലികോപ്റ്റര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാനായി അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍ ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകുടുംബത്തിനാണ് നല്‍കിയതെന്നും മിഷേലിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ കൈക്കൂലി നല്‍കിയ രാഷ്ട്രീയനേതാക്കളുടെ പേരോ മറ്റുവിവരങ്ങളോ മിഷേല്‍ പുറത്തുവിട്ടിരുന്നില്ല.

മുന്‍യുപിഎ സര്‍ക്കാരാണ് വിവിഐപികളുടെ ഉപയോഗത്തിനായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയുണ്ടാക്കിയത്. കരാര്‍ തുകയുടെ 12 ശതമാനത്തോളം കൈക്കൂലിയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇത് മിഷേല്‍ നിഷേധിച്ചിരുന്നു. കൈക്കൂലി നല്‍കിയെന്ന കാര്യം ഇറ്റാലിയന്‍ അധികൃതരാണ് കണ്ടെത്തിയത്. ഇതിന് ഫിന്‍മെക്കാനിക്കയുടെ ചെയര്‍മാനേയും അഗസ്റ്റയുടെ സിഇഓയേയും 2013 ല്‍ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കരാര്‍ 2014 ജനുവരി ഒന്നിന് റദ്ദാക്കിയിരുന്നു.

മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയും ഇതില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് ത്യാഗി ജാമ്യത്തില്‍ ഇറങ്ങിയത്. വ്യോമസേനാ മേധാവിയായിരിക്കവേ കരാര്‍ ഫിന്‍മെക്കാനിക്കയ്ക്ക് അനുകൂലമാക്കാനായി ത്യാഗി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായിട്ടാണ് കണ്ടെത്തിയത്. 2004 മുതല്‍ 2007 വരെ വ്യോമസേനാ മേധാവിയായി സേവനം അനുഷ്ടിച്ച ത്യാഗിയാണ് വിവിഐപി ഹെലികോപ്റ്ററുകള്‍ക്ക് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്ന പരിധി 4500 മീറ്ററായി കുറച്ചത്. അഗസ്റ്റയുടെ ഹെലികോപ്റ്ററുകള്‍ക്ക് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates