1 GBP = 103.84
breaking news

വഴുതനങ്ങ കൊണ്ടുള്ള പതിനൊന്ന് ‘അഡാറ്’ ഗുണങ്ങള്‍

വഴുതനങ്ങ കൊണ്ടുള്ള പതിനൊന്ന് ‘അഡാറ്’ ഗുണങ്ങള്‍

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തില്‍ കാണുന്ന വഴുതനങ്ങ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമല്ല. എന്നാല്‍ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം. എല്ലാക്കാലത്തും വിളവ് നല്‍കുന്ന പച്ചക്കറിയായിട്ട് പോലും വഴുതനങ്ങയ്ക്ക് ഭക്ഷണ മേശയില്‍ നല്ല പ്രതികരണം ലഭിക്കാറില്ല.

വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതനങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്, തയാമിന്‍, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, ഫൈബര്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, മാംഗനീസ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് വഴുതനങ്ങ. ഇതില്‍ കൊളസ്ട്രോളോ കൊഴുപ്പോ അടങ്ങിയിട്ടുമില്ല.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.

അർബുദം തടയും

വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകൾ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതില്‍ സഹായിക്കുന്നുണ്ട്. ഇത് മലാശയ അർബുദത്തെ  തടയാൻ സഹായിക്കുന്നു. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത വന്‍ തോതില്‍ കുറയ്ക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ  ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ  പെട്ടന്ന് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും. ഇത് മൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സാധിക്കും.

എല്ലുകളുടെ ആരോഗ്യം

വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നതില്‍ നിര്‍ണായകമാണ്.  ഇവ ഓസ്റ്റിയോ പോറോസിസ് വരാതിരിക്കുന്നതില്‍ സഹായകരമാണ്.  വഴുതനയിൽ അടങ്ങിയ ഇരുമ്പ്, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ശരീരശക്തിക്കും ഗുണകരമാണ്. വഴുതനങ്ങയിലടങ്ങിയ കാൽസ്യം എല്ലുകളുടെ  ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്

വിളർച്ച തടയുന്നു

ശരീരത്തില്‍ വിളര്‍ച്ചയുണ്ടാവാന്‍ ധാരാളം കാരണമുണ്ട്. തലവേദന, ക്ഷീണം, തളർച്ച, വിഷാദം ഇവയെല്ലാം വിളർച്ച ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിളർച്ച തടയാന്‍ സഹായിക്കുന്നതാണ്. വഴുതനങ്ങയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് .  അരുണ രക്താണുക്കൾക്കളെ ഉദ്ദീപിപ്പിക്കാന്‍ കോപ്പറും വഴുതനങ്ങയില്‍ ഉണ്ട്. ക്ഷീണവും വിളർച്ചയും സമ്മർദ്ദവും അകറ്റാൻ വഴുതനങ്ങ ശീലമാക്കിയാൽ മതി.

ഹൃദയാരോഗ്യമേകുന്നു

വഴുതനങ്ങയിലെ പോഷകങ്ങള്‍ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകമാണ്. വഴുതനങ്ങയിലെ നാരുകൾ, പൊട്ടാസ്യം, ജീവകം ബി 6, ഫൈറ്റോ ന്യൂട്രിയന്റുകൾ പോലെയുള്ള ഫ്ലേവനോയിഡുകൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയിലെ ആന്റിഓക്സിഡന്റുകൾ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നു. ഇങ്ങനെ വഴുതനങ്ങ ഹൃദ്രോഗം തടയുന്നു.

രക്തസമ്മർദം നിയന്ത്രിക്കുന്നു

ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ വഴുതനങ്ങയിലടങ്ങിയ പ്രധാന ധാതുവായ പൊട്ടാസ്യത്തിനു സാധിക്കുന്നു. സോഡിയത്തിന്റെ ഫലത്തെ നിർവീര്യമാക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ വഴുതനങ്ങയിൽ കൂടിയ അളവിലുള്ള ആന്തോസയാനിനുകളും രക്തസമ്മർദം കുറയ്ക്കുന്നു.

പ്രമേഹത്തിന്

ഭക്ഷണ പ്രിയരായ ഏല്ലാവരും ഇപ്പോള്‍ ഏറെ ആകുലരാകുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തെ ചെറുക്കാന്‍ വഴുതനങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലെ അന്നജവും കൂടിയ അളവില്‍ ഫൈബറും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഇത്. വഴുതനങ്ങയിലെ നാരുകൾ, ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു

വഴുതനങ്ങയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ശക്തിയേറിയ ആന്റിഓക്സിഡന്റ് ഏജന്റായി പ്രവർത്തിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു.

ഓർമശക്തിക്ക്

തലച്ചോറിലെ കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്.  ഓർമശക്തി മെച്ചപ്പെടുത്താനും ഇവ സഹായക്കുന്നുണ്ട്.

തിളങ്ങുന്ന ചർമത്തിന്

പ്രായം കൂടുമ്പോളും തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കാത്ത ആളുകള്‍ കുറവാണ്. പ്രായത്തനനുസരിച്ച്  ഫ്രീറാഡിക്കലുകൾക്ക് നാശം സംഭവിക്കുന്നത് മൂലമാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത്. എന്നാൽ വഴുതനങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ജീവകങ്ങളും ഇതു സംഭവിക്കാതെ തടയുന്നു. കൂടാതെ ധാരാളം ജലാംശം അടങ്ങിയ പച്ചക്കറി ആയതിനാൽ ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ നീക്കുകയും. ആരോഗ്യകരമായ തിളക്കം ചർമത്തിന് നൽകുകയും ചെയ്യും.

ഇവയെല്ലാം വഴുകനങ്ങയുടെ ഗുണമാണ്. ഇത് കൃത്യമായ ശരീരത്തില്‍ ലഭിക്കാന്‍ വഴുതനങ്ങ പാകം ചെയ്യുമ്പോള്‍ ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്റ്റീൽ കത്തി കൊണ്ട് മുറിക്കുന്നത് മുറിച്ച ഭാഗങ്ങളില്‍ കറുപ്പ് നിറം വരാതിരിക്കാന്‍ സഹായിക്കും. മുറിച്ച ശേഷം ഉപ്പു വിതറുന്നത് കയ്പ്പ് ഇല്ലാതാക്കും. കുറച്ചു സമയം കഴിഞ്ഞ് കഴുകി എടുക്കാം.

ഇത്രയേറെ ആരോഗ്യകരമായ പച്ചക്കറിയാണെങ്കില്‍ കൂടിയും ചിലര്‍ ഇത് ഒഴിവാക്കേണ്ടതുണ്ട്. സന്ധി വാതവും വൃക്കരോഗവുമുള്ളവര്‍ ഇത് ഒഴിവാക്കണം. വഴുതനങ്ങയിലെ ഓക്സലേറ്റ് ചില ആൽക്കലോയ്ഡുകളുടേയും സാന്നിധ്യമാണ് ഇതിന് കാരണം. ഇത് രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത് മൂലമാണ് ഈ നിര്‍ദ്ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more