1 GBP = 103.87
breaking news

ലണ്ടനിൽ ആറ്റുകാൽ പൊങ്കാല പതിനൊന്നാം വർഷത്തിലേക്ക്; ശ്രീ മുരുകൻ ക്ഷേത്ര സന്നിധിയിൽ മാർച്ച് 2 ന്…..

ലണ്ടനിൽ ആറ്റുകാൽ പൊങ്കാല പതിനൊന്നാം വർഷത്തിലേക്ക്; ശ്രീ മുരുകൻ ക്ഷേത്ര സന്നിധിയിൽ മാർച്ച് 2 ന്…..

അപ്പച്ചൻ കണ്ണഞ്ചിറ
ന്യുഹാം: വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് ‘ബോൺ’ തുടർ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാർച്ച് 2 നു വെള്ളിയാഴ്ച ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ചാണ് ഭക്ത്യാദരപൂർവ്വം ആചരിക്കുക. രാവിലെ ഒമ്പതു മണിക്ക് തന്നെ പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തർ ഇത്തവണ യു കെ യുടെ വിദൂര ഭാഗങ്ങളിൽ നിന്നും മറ്റുമായി ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

പ്രാർത്ഥനയുടെയും,വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പത്തു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോവുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ പറഞ്ഞു.

ഇളങ്കോ അയ്യരിന്റെ പ്രശസ്ത കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി ദേവിയുടെ പൗരാണിക വിശ്വാസ അനുഷ്‌ടാനം ആയിട്ടാണ് പൊങ്കാലയിടൽ നടത്തുന്നത്. ധാന്യ വിളകളുടെ ഉത്സവമായും, ദേവി പ്രീതിക്കായിട്ടും കൂടിയാണ് പൊങ്കാല ആഘോഷം .

2008 ൽ അറുപതോളം പേരുമായി തുടങ്ങിയ പൊങ്കാല 2017 ആയപ്പോളേക്കും ആയിരത്തോളം ഭക്തർക്ക് അവസരവും അനുഗ്രഹവുമായി മാറി എന്ന് ഒരു ദേവീ ഭക്ത അനുസ്മരിച്ചു.

ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്ന് ദീപം പകര്‍ന്നു നൽകും.പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൻറെ സമുച്ചയത്തിലെ ലക്ഷ്മി,ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. കൗൺസിലർമാർ, കമ്യൂണിറ്റി നേതാക്കൾ, ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്കിലെ മെമ്പർമാർ, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ജോയ് ആലുക്കാസ്, യു എ ഇ എക്സ്ചേഞ്ച്, സ്വയം പ്രോപ്പർട്ടി, ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ റസ്റ്റോറന്റുകൾ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബോണിന്റെ ആരോഗ്യ-സാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബോൺ (ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ) ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

പഴയ തലമുറകളിലുള്ളവർക്കു പൊങ്കാലക്കുള്ള അവസരം നഷ്‌ടപ്പെടാതെയും, പുതു തലമുറയ്ക്ക് പങ്കുചേർന്ന് അതിന്റെ ശ്രേഷ്‌ഠത മനസ്സിലാക്കുവാനും ലണ്ടൻ പൊങ്കാല ഏറെ അനുഗ്രഹദായകമാവുന്നു.സർവ്വ ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവർണാവസരമാണ് ‘ബോൺ’ ഇവിടെ ഒരുക്കുന്നത്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ഇത് ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ.ഓമന ഗംഗാധരൻ- 07766822360
വിലാസം:
London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more