1 GBP = 103.12

അറ്റ്‌ലസ് രാമചന്ദ്രനെ പുറംലോകം കാണിക്കില്ലെന്ന വാശിയില്‍ മലയാളി വ്യവസായി; ശിഷ്ടക്കാലം ജയിലില്‍ തന്നെയോ ?

അറ്റ്‌ലസ് രാമചന്ദ്രനെ പുറംലോകം കാണിക്കില്ലെന്ന വാശിയില്‍ മലയാളി വ്യവസായി; ശിഷ്ടക്കാലം ജയിലില്‍ തന്നെയോ ?

മലയാളിയായ വ്യവസായ പ്രമുഖന്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ടകാലം ജയിലില്‍ തന്നെയോ ?. പണം അടച്ചു തീര്‍ത്ത് കേസ് ഒത്തു തീര്‍പ്പാക്കാമെന്ന ഉദ്യമം പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച പ്രതീക്ഷകള്‍ ആകെ അസ്തമിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിറ്റ് ഇദ്ദേഹത്തെ പുറത്തെത്തിക്കാന്‍ ഭാര്യ ഇന്ദു രാമചന്ദ്രന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. രാമചന്ദ്രന്‍ ജയിലിലായിട്ട് 23 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ആകെ മോശമാണ്.

ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ബാങ്കുകളില്‍ നിന്ന് എടുത്ത തുക പലിശയും പലിശയുടെ പലിശയുമായി വന്‍തുകയായി മാറിക്കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാന്‍ കഴിയൂ. എന്നാല്‍ തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാരുകളെന്നാണ് സൂചന. അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. ബാങ്കുകളില്‍ പണം അടച്ച് കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കവും പൊളിഞ്ഞു. മലയാളിയായ പ്രവാസി വ്യവസായിയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്.

ജ്യുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കി. എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുന്നു. സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. 19 ബാങ്കുകള്‍ ഇതിന് തയ്യാറായെങ്കിലും മൂന്നു ബാങ്കുകള്‍ നിസ്സഹരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനിടയില്‍ സമാനമായ സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീര്‍ക്കേണ്ട ബാധ്യത ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. മകന്‍ നേരത്തെതന്നെ ഈ പ്രശ്നങ്ങളാല്‍ അമേരിക്കയിലേക്ക് പോയിരുന്നു.

ജയില്‍വാസത്തിന്റെ ആദ്യ നാളുകളില്‍ സന്തോഷവാനായിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിലും ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് സൂചന. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയില്‍ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി. കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇതിനുള്ള പണം നല്‍കും. എന്നാല്‍ രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല. ഇതും രാമചന്ദ്രനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 23-നാണ് ചെക്കുകള്‍ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ ത്തുടര്‍ന്നായിരുന്നു ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28-ന് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു.

ഇപ്പോള്‍ വായ്പയും വാടക കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. അതുവരെ ഭര്‍ത്താവിന്റെ ബിസിനസ്സ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റയ്ക്ക് 68-ാം വയസ്സില്‍ കടബാധ്യതകളോട് യുദ്ധംചെയ്യുകയാണ് ഈ വീട്ടമ്മ. ആരെങ്കിലും സഹായത്തിനെത്തുമെന്ന വിദൂരപ്രതീക്ഷ മാത്രമാണ് അവര്‍ക്കിന്നുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more