1 GBP = 103.95

ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കെ.ജെ.ജോണ്‍

ഉംറ്റാറ്റ: മലയാളിയും വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക്‌ കുമാര്‍ വേലായുധനെ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് വച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വെടി വച്ച് കൊലപ്പെടുത്തി വഴിയില്‍ സ്വന്തം കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്‍റെ പടം സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ക്ക് വെളളിയാഴ്ച രാവിലെ അശോകനെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച്ച വൈകിട്ട് മൂന്നേമുക്കാല്‍ മണിക്ക് അടുത്തുള്ള കടയില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്ക് സ്വന്തം ടൊയോട്ടാ ഫോര്‍ച്യൂണര്‍ കാറില്‍ ഓടിച്ച് കയറുമ്പോഴാണ് ആക്രമണം നടന്നതെന്ന് സാഹചര്യത്തെളിവുകള്‍ വച്ച് പോലീസ് പറയുന്നു.

ഇന്ത്യന്‍ വംശജനായ സൌത്ത് ആഫ്രിക്കന്‍ പോലീസ് മേധാവി നായിഡുവിന്‍റെ മേല്‍നോട്ടത്തില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

ഉംറ്റാറ്റയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിള്‍ എഞ്ചിനീയറായ അശോകന്‍ സ്വന്തം കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്റ്റ് കമ്പനിയുടെയും, രണ്ടു വര്‍ഷം മുമ്പു തുടങ്ങിയ ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയര്‍ സ്കൂളിന്‍റെയും ഉടമയാണ്.

ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകന്‍ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകള്‍ ആഗ്രഹ ദത്തയും നെയ്യാറ്റിന്‍കര നേമത്തുള്ള കുതിരവട്ടത്തില്‍ സുജാസില്‍ അശോകന്‍റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.

തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന്‍ പ്രവര്‍ത്തിച്ചു വരുന്നു. അശോകന്‍റെ അനുസ്മരണാര്‍ത്ഥം അനുശോചനസമ്മേളനം മാര്‍ച്ച് 21 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഉംറ്റാറ്റ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ക്രമീകരിച്ചിരിക്കുന്നു.

വിദേശ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആസൂത്രിത ആക്രമണങ്ങളിലുള്ള ഉത്‌ക്കണ്ഠ മലയാളി സമാജം പ്രവര്‍ത്തകര്‍ പോലീസ് അധികാരികളെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more