1 GBP = 103.12

ആന്ധ്രയ്‌ക്ക് പ്രത്യേക പദവിയില്ല: തെലുങ്ക് ദേശം കേന്ദ്രമന്ത്രിമാർ രാജിവയ്‌ക്കും

ആന്ധ്രയ്‌ക്ക് പ്രത്യേക പദവിയില്ല: തെലുങ്ക് ദേശം കേന്ദ്രമന്ത്രിമാർ രാജിവയ്‌ക്കും

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി)യുടെ രണ്ട് കേന്ദ്രമന്ത്രിമാർ നാളെ രാജി വയ്ക്കും. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വയ്ക്കുക. എന്നാൽ ടി.ഡി.പി എൻ.ഡി.എ മുന്നണിയിൽ തുടരും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കേന്ദ്രത്തിന് ആന്ധ്രയോട് ചിറ്റമ്മ നയമാണെന്നും കേന്ദ്രം ഇത്രയും കാലം ആന്ധ്രയെ വഞ്ചിക്കുകയാണെന്നും നായിഡു പറഞ്ഞു. മന്ത്രിമാരുടെ രാജി ആദ്യ പടിയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ രാജി.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തുടങ്ങിയ മുന്നണി ബന്ധം നിറുത്താൻ പാർട്ടിയിലെ 95 ശതമാനം അംഗങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്. മുന്നണി ബന്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ചന്ദ്രബാബു നായിഡു രണ്ട് ദിവസത്തിനകം തീരുമാനത്തിലെത്തുമെന്ന് പാർട്ടി എം.പി ശിവ പ്രസാദ് നേരത്തെ പ്രതികരിച്ചിരുന്നു. മുന്നണി വിടുന്നത് ടി.ഡി.പിയ്‌ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടി.ഡി.പി,​ എൻ.‌ഡി.എ സഖ്യം വിടുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ തന്നെ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സംസ്ഥാനത്തിന് പ്രത്യേക പദവിയോ പ്രത്യേക പാക്കേജോ നൽകണമെന്ന് ഏറെക്കാലമായി ടി.ഡി.പി ആവശ്യപ്പെട്ട് വരികയാണ്. എന്നാലിത് കേന്ദ്രം പരിഗണിക്കാതിരുന്നതാണ് നായിഡുവിനെ ചൊടിപ്പിച്ചത്. പൊളാവരം പദ്ധതി, തലസ്ഥാനമായ അമരാവതിയുടെ നിർമ്മാണം, വിശാഖപട്ടണം മെട്രോ എന്നിവയ്‌ക്കുള്ള സഹായവും വിശാഖ പട്ടണം റെയിൽവെ സോൺ രൂപീകരണം, കടപ്പ ജില്ലയിൽ സ്‌റ്റീൽ പ്ളാന്റ് തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ലെന്ന് ടി.ഡി.പിക്ക് ആക്ഷേപമുണ്ടായിരുന്നു.

പാർലമെന്റിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ബഹളം വച്ച ടി.ഡി.പി അംഗങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ്, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും രംഗത്തെത്തിയത് കേന്ദ്രസർക്കാരിന് വെല്ലുവിളിയായിരുന്നു. 2019ൽ അധികാരത്തിലെത്തിയാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more