1 GBP = 104.18

അജ്ഞാത പദാർത്ഥത്തിന്റെ സാന്നിധ്യം; സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിൽ രണ്ടു പേരെ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു

അജ്ഞാത പദാർത്ഥത്തിന്റെ സാന്നിധ്യം; സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിൽ രണ്ടു പേരെ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു

സാലിസ്ബറി: റഷ്യൻ സ്പൈ ആക്രമണത്തിന്റെ ഭീകരത അവസാനിക്കുന്നതിന് മുൻപ് തന്നെ സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിൽ രണ്ടു പേരെ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു. മേജർ ഇൻസിഡന്റ് എന്നാണ് വിത്‌റ്‌ഷെയർ പോലീസ് സംഭവത്തെ വിവരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സാലിസ്ബറിക്കടുത്ത് എയിംസ്ബറിയിലെ മാഗിൾട്ടൻ റോഡിലെ ഒരു വസതിയിൽ നിന്ന് നാല്പതിനോടടുത്ത് പ്രായമുള്ള പുരുഷനെയും സ്ത്രീയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.

വിവരം ലഭിച്ചതനുസരിച്ച് പോലീസെത്തിയപ്പോൾ അബോധാവസ്ഥയിൽ അവശരായ സ്ത്രീയെയും പുരുഷനെയുമാണ് കണ്ടെത്തിയത്. ആംബുലൻസും പാരാമെഡിക്കൽ സംഘവുമെത്തി ഇവരെ സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ വൈകുന്നേരത്തോടെയാണ് വിൽറ്റ്ഷെയർ പോലീസ് സംഭവത്തെ മേജർ ഇൻസിഡന്റ് എന്ന് പ്രഖ്യാപിച്ചത്. സാലിസ്ബറിയിലെയും എയിംസ്ബറിയിലെയും ഒന്നിലേറെ പ്രോപ്പർട്ടികൾ സുരക്ഷാ സന്നാഹമൊരുക്കി പോലീസ് ബന്തവസ്സിലാണ്.

അജ്ഞാത ലഹരി മരുന്നാകാം ഇവർ ഉപയോഗിച്ചതെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്. രാസപരിശോധനാ ഫലം പുറത്ത് വന്നാലേ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പി എച്ച് ഇ അറിയിച്ചു. കഴിഞ്ഞ മാർച്ച് നാലിന് മുൻ റഷ്യൻ ചാരൻ സെർഗെയ് സ്കരിപാലിനും മകൾ യൂലിയയ്ക്കുമെതിരെ നെർവ് ഏജന്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇവരെയും സാലിസ്ബറി സിറ്റി സെന്ററിൽ അബോധാവസ്ഥയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണവും അണു വിമുക്‌തീകരണ പ്രക്രിയകളും ഇപ്പോഴും തുടരുകയാണ്. പുതിയ സംഭവം കൂടി പുറത്ത് വന്നതോടെ ജനങ്ങൾക്കിടയിൽ ഭീതി പടർന്നിട്ടുണ്ട്. എന്നാൽ പുതിയ സംഭവത്തിൽ പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാവില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more