1 GBP = 104.05

യു.എന്‍. രക്ഷാസമിതി -പൗരാവകാശം അടിച്ചമര്‍ത്തരുത്‌: ഇറാന്‌ അമേരിക്കന്‍ മുന്നറിയിപ്പ്‌

യു.എന്‍. രക്ഷാസമിതി -പൗരാവകാശം അടിച്ചമര്‍ത്തരുത്‌: ഇറാന്‌ അമേരിക്കന്‍ മുന്നറിയിപ്പ്‌

ഐക്യരാഷ്‌ട്രസംഘടന: ജനതയുടെ ശബ്‌ദം അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നടപടി അവസാനിപ്പിക്കണമെന്ന്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ സംവിധാനം ഉള്‍പ്പെടെ പുനഃസ്‌ഥാപിക്കണമെന്നും ഐക്യരാഷ്‌ട്രസംഘടനാ രക്ഷാസമിതിയില്‍ അമേരിക്ക ആവശ്യപ്പെട്ടു.
ഇറാന്‍ ഭരണകൂടത്തിന്റെ പ്രവൃത്തികള്‍ ലോകം നിരീക്ഷിക്കുമെന്നും രക്ഷാസമിതിയുടെ അടിയന്തരയോഗത്തില്‍ യു.എസ്‌. അംബാസഡര്‍ നിക്കി ഹാലി മുന്നറിയിപ്പു നല്‍കി. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്ന ഇറാനിലെ സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണു യു.എന്‍. രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്‌. എന്നാല്‍, രക്ഷാസമിതിയിലെ അഞ്ചു സ്‌ഥിരാംഗങ്ങളില്‍പെട്ട ഫ്രാന്‍സും റഷ്യയും ചൈനയും ഇറാനെ അനുകൂലിച്ചു. ഇറാനിലെ സംഭവവികാസങ്ങള്‍ ലോകസമാധാനത്തിനോ സുരക്ഷയ്‌ക്കോ യാതൊരു പ്രശ്‌നവും സൃഷ്‌ടിക്കുന്നതല്ലെന്നും അതിനാല്‍ അക്കാര്യം യു.എന്‍. രക്ഷാസമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവര്‍ വാദിച്ചു. അമേരിക്കയുടെ ആവശ്യപ്രകാരം ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന 15 അംഗ രക്ഷാസമിതിയില്‍ ഇതു സംബന്ധിച്ചു ചൂടേറിയ വാഗ്വാദം നടന്നു.

മനുഷ്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമായി ഇറാന്‍ ജനത ഉണര്‍ന്നെഴുന്നേറ്റിരിക്കുകയാണെന്നും അവരുടെ രോദനത്തിന്‌ ഒടുവില്‍ യു.എന്‍. ഉത്തരം പറയേണ്ടിവരുമെന്നും നിക്കി ഹാലി ചൂണ്ടിക്കാട്ടി. യു.എന്‍. അംഗരാഷ്‌ട്രങ്ങള്‍ക്കെല്ലാം അഖണ്ഡതയുണ്ടെങ്കിലും അതു പൗരാവകാശങ്ങള്‍ക്കെതിരായ കവചമല്ല. ഇറാന്‍ ജനത ഒടുവില്‍ സ്വന്തം ഭാഗധേയം നിര്‍ണയിക്കുമെന്നും അവര്‍ പറഞ്ഞു.

ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒരാഴ്‌ചയ്‌ക്കിടെ 21 പേരാണു മരിച്ചത്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും പ്രക്ഷോഭകരെ അനുകൂലിച്ചു രംഗത്തുവന്നിരുന്നു. എന്നാല്‍, ട്രംപ്‌ ഭരണകൂടത്തിന്റെ കളിപ്പാവയാകാന്‍ നിന്നുകൊടുത്ത യു.എന്‍. രക്ഷാസമിതി നിലപാടിനെ ഇറാന്‍ അംബാസഡര്‍ ഖോലാമലി ഖൊഷൂരൂ നിശിതമായി അപലപിച്ചു. ലോകസമൂഹത്തിനു മുന്നില്‍ എല്ലാ ധാര്‍മികമൂല്യവും വിശ്വാസ്യതയും നഷ്‌ടപ്പെട്ട അമേരിക്ക, അതില്‍നിന്നു രക്ഷപ്പെടാനാണ്‌ ഇറാനെ പഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കട്ടെയെന്നു റഷ്യയും ഒരു രാജ്യത്തിന്റെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയല്ല രക്ഷാകൗണ്‍സിലെന്നു ചൈനയും നിലപാടെടുത്തു. ഫ്രാന്‍സ്‌ ഇതിനോടു യോജിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more