1 GBP = 103.87

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഉടൻ

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഉടൻ

തിരുവനന്തപുരം: പുതുച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ്  ഗോപിക്കും നടി അമല പോളിനുമെതിരെ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. അതേസമയം,​ നികുതി വെട്ടിച്ചെങ്കിലും പിന്നീട് പിഴ അടച്ചതിനാൽ മറ്റൊരു നടൻ ഫഹദ് ഫാസിലിന്റെ കാര്യം സർക്കാരായിരിക്കും തീരുമാനിക്കുക. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. വാഹനം പുതുച്ചേരിയിൽ രജിസ്‌റ്റർ ചെയ്തത് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങളായിരിക്കും ഇവർക്കെതിരെ ചുമത്തുക. നികുതി വെട്ടിപ്പിന് കൂട്ടുനിന്ന ഒന്പത് ഷോറൂമുകളേയും പ്രതികളാക്കും.
കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകൾ പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് 30 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

പോണ്ടിച്ചേരിയിൽ ഒരു എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ പേരിലാണ് അമല പോൾ തന്റെ മെഴ്സിഡസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്ക് നടിയെ അറിയില്ലെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി അമല പോൾ ഇൻഷ്വറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യലിൽ സിനിമാ ഷൂട്ടിംഗിനായി പോകുമ്പോൾ താമസിക്കാനായി പുതുച്ചേരിയിൽ സ്ഥിരമായി വാടക വീടുണ്ടെന്നും ആ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി. എന്നാൽ,​ പല കുടുംബങ്ങൾ താമസിക്കുന്ന മൂന്നു നില അപാർട്ട്മെന്റിലാണ് അമല താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേ വീടിന്റെ മേൽവിലാസത്തിൽ മറ്റു പലരും കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോൾ സ്ഥിരമായി ഉപയോഗിക്കുന്ന വാടക വീടല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് കേസെടുത്തത്. നടൻ ഫഹദ് ഫാസിലും കേസിലുൾപ്പെട്ടെങ്കിലും പിന്നീട് ആലപ്പുഴ ആർ.ടി.ഒ ഓഫീസിൽ 17.68 ലക്ഷം രൂപ നികുതിയായി അടയ്ക്കുകയായിരുന്നു.

ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ 14 മുതൽ 20 ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുന്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനങ്ങൾ ഒരു വർഷത്തിനുള്ളിൽ കേരള രജിസ്‌ട്രേഷൻ ആക്കിയിരിക്കണമെന്നാണ് നിയമം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more