1 GBP = 103.14

അൽഫോൺസ് കണ്ണന്താനം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാകും

അൽഫോൺസ് കണ്ണന്താനം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാകും

ന്യൂഡൽഹി: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രാജസ്ഥാനിൽ നിന്നും ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 16നാണ് രാജസ്ഥാനിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മുൻ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതോടെയാണ് രാജസ്ഥാനിൽ നിന്നും ഒരു രാജ്യസഭാ സീറ്റ് ഒഴിവുവന്നത്. ഒക്‌ടോബർ 30ന് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങും. നവംബർ ആറ് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 200 അംഗങ്ങളുള്ള നിയമസഭയിൽ ബി.ജെ.പിയ്‌ക്ക് 160ഉം കോൺഗ്രസിന് 24 സീറ്റുമാണുള്ളത്. അതിനാൽ തന്നെ ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനത്തിനെ വിജയിപ്പിക്കുകയെന്നത് ബി.ജെ.പിയ്‌ക്ക് എളുപ്പമാണ്.

64 കാരനായ അൽഫോൺസ് കണ്ണന്താനത്തിനെ സെപ്‌തംബറിലാണ് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 1979 ബാച്ചുകാരനായ അൽഫോൺസ് കണ്ണന്താനം 2006ൽ ഐ.എ.സ് പദവിയിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.തുടർന്ന് ഇടതുമുന്നണി പിന്തുണയോടെ സ്വതന്ത്ര എം.എൽ.എയായി നിയമസഭയിലെത്തി. 2011ൽ ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി കമ്മിഷണറായും ചണ്ഡീഗ‌ഡ് അഡ്മിനിസ്ട്രേറ്ററായും കണ്ണന്താനം പ്രവ‌ർത്തിച്ചിട്ടുണ്ട്.

നിതിൻ ഗഡ്കരി ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കാലത്താണ് അൽഫോൻസ് കണ്ണന്താനം അപ്രതീക്ഷിതമായി ബി.ജെ.പിയിലെത്തിയത്. തുടർന്നു ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായ കണ്ണന്താനം പാർട്ടിയുടെ സദ്ഭരണ സെല്ലിൽ സജീവമായി. ഛത്തീസ്ഗഡിലെ പൊതുവിതരണ സമ്പ്രദായം ഉൾപ്പെടെയുള്ള സദ്ഭരണ മാതൃകകൾ ക്രോഡീകരിച്ചു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള മാർഗരേഖ തയാറാക്കിയത് കണ്ണന്താനമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more