1 GBP = 103.89

അഡല്‍റ്റ് സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരം മലയാളിയായ വിദ്യ ബിജുവിന്

അഡല്‍റ്റ് സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരം മലയാളിയായ വിദ്യ ബിജുവിന്

വർഗീസ് ആന്റണി

ലണ്ടന്‍: ഈ വര്‍ഷത്തെ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളില്‍ സ്വര്‍ണ്ണത്തിളക്കവുമായി മലയാളിയും. ബര്‍മിംഗ്ഹാം കൗണ്‍സിലില്‍ നിന്നുള്ള വിദ്യ ബിജുവാണ് മലയാളികളുടെ അഭിമാനമുയര്‍ത്തിയ നേട്ടം കരസ്ഥമാക്കിയത്. അഡല്‍റ്റ് സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരവും വിദ്യക്ക് ലഭിച്ചു. സോഷ്യല്‍ വര്‍ക്ക് പ്രാക്ടീസില്‍ അനിതരസാധാരണമായ സേവനമാണ് വിദ്യ കാഴ്ചവെക്കുന്നതെന്ന് വിധിനിര്‍ണ്ണയം നടത്തിയവര്‍ വിലയിരുത്തി. തനിക്കു മുമ്പിലെത്തുന്ന കേസുകളെ ഏറെ സമര്‍പ്പണത്തോടെയും താല്‍പര്യത്തോടെയുമാണ് വിദ്യ ഏറ്റെടുക്കുന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ 17 വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമിടയിലെ ഏക ഇന്ത്യക്കാരിയാണ് വിദ്യ. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം രണ്ട് ഇനങ്ങളില്‍ കൂടി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ വര്‍ക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ആദരിക്കാനായുള്ള പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒരു സോഷ്യല്‍ വര്‍ക്കറെ ആവശ്യമുണ്ടെങ്കില്‍ അത് വിദ്യയായിരിക്കണം എന്ന വികാരമായിരുന്നു നോമിനേഷനില്‍ ഉയര്‍ന്നുകേട്ട പൊതു വികാരമെന്ന് കമ്യൂണിറ്റികെയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജഡ്ജുമാര്‍ക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നില്ല.

ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാകാന്‍ വിദ്യയുടെ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് അവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകള്‍. ഏറെ തിരക്കേറിയ അന്തരീക്ഷത്തിലാണ് വിദ്യയുടെ ജോലി. വളരെ ചുരുങ്ങിയ സമത്തേക്ക് മാത്രമേ സര്‍വീസില്‍ എത്തുന്നവരും അവരുടെ കുടുംബങ്ങളുമായി ചെലവഴിക്കാന്‍ വിദ്യക്ക് സാധിക്കാറുള്ളു. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ജനപ്രീതിയാണ് ജഡ്ജുമാരെ അതിശയിപ്പിച്ചത്. പ്രായമായ ഒരു സ്ത്രീയെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ തന്റെ ജോലി ആവശ്യപ്പെടുന്നതിലുമേറെ പരിശ്രമം വിദ്യ നടത്തിയ സംഭവം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

ആ സത്രീയുടെ മകള്‍ 10 മൈല്‍ അകലെയായിരുന്നു താമസിച്ചിരുന്നത്. അവര്‍ക്ക് കെയറര്‍മാര്‍ ഒപ്പം കഴിയുന്നതിനേക്കുറിച്ച് ആലോചിക്കാനും കഴിയുമായിരുന്നില്ല. പ്രശ്‌നസാധ്യതയുള്ളതിനാല്‍ വിദ്യയെ ഈ ഉദ്യമത്തില്‍നിന്ന് സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ വിദ്യയുടെ ഇടപെടല്‍ ഫലം കാണുകയും രോഗിയായ സ്ത്രീയുടെ മകള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കെയററെ ലഭിക്കുന്നതു വരെ ഒപ്പം താമസിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇവര്‍ക്ക് ഡയറക്ട് പേയ്‌മെന്റിനായി അപേക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും വിദ്യ സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

സോഷ്യല്‍ വര്‍ക്ക് പ്രൊഫഷന്റെ മൂല്യങ്ങള്‍ അടയാളപ്പെടുത്തുന്ന സേവനമാണ് വിദ്യ ചെയ്യുന്നതെന്ന് മൂല്യനിര്‍ണ്ണയം നടത്തിയ ജഡ്ജുമാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓവറോള്‍ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ ആയി വിദ്യയെ തെരഞ്ഞെടുക്കുകയായിരുന്നു.

സറേ കൗണ്‍സിലില്‍ നിന്നുള്ള ആന്‍ഡി ബട്ട്‌ലര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും പ്രൊഫ. റേ ജോണ്‍സിന് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഡീന്‍ റാഡ്‌ഫോര്‍ഡ്, ഗാരി സ്‌പെന്‍സര്‍ ഹംഫ്രി, ഗാരെത്ത് ബെഞ്ചമിന്‍, ലിയാന്‍ ബെയിന്‍സ്, നിക്കി സ്‌കിന്നര്‍, കരോളിന്‍ വില്ലോ, ലൂയിസ് വോക്കര്‍, ലൂയിസ് വാട്ട്‌സണ്‍, ലിന്‍ കോക്ക് എന്നിവര്‍ക്ക് മറ്റ് വ്യക്തിഗത പുരസ്‌കാരങ്ങളും ഈസ്റ്റ് റൈഡിംഗ് കൗണ്‍സിലിലെ പാത്ത് വേ ടീം, ന്യൂകാസില്‍ സിറ്റി കൗണ്‍സിലിലെ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. ബെസ്റ്റ് സോഷ്യര്‍ വര്‍ക്കര്‍ എംപ്ലോയര്‍ പുരസ്‌കാരം സെന്‍ട്രല്‍ ബെഡ്‌ഫോര്‍ഡ്ഷയര്‍ കൗണ്‍സില്‍ നേടി. ക്രിയേറ്റീവ് ആന്‍ഡ് ഇന്നവേറ്റീവ് സോഷ്യല്‍ വര്‍ക്ക് പ്രാക്ടീസ് പുരസ്‌കാരത്തിന് എസെക്‌സ് കൗണ്‍സിലിന്റെ വിര്‍ച്വല്‍ ഡിമെന്‍ഷ്യ ടൂര്‍ ട്രെയിനിംഗ് സെന്റര്‍ അര്‍ഹമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more