1 GBP = 103.95

എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, മുഖ്യമന്ത്രി വിശദീകരണം തേടി

എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡ്രൈവര്‍ ഗവാസ്കര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  തിരുവനന്തപുരം സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപനാണ് അന്വേഷണച്ചുമതല. എഡിജിപിയുടെ മകള്‍ ഗവാസ്‌കറിനെതിരെ നല്‍കിയ പരാതിയും ഇതിനൊപ്പം അന്വേഷിക്കും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ മേഖലാ എഡിജിപി അനില്‍കാന്തിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അതിനിടെ ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഗവാസ്‌കറിന്റെ ഭാര്യ പറഞ്ഞു.

പരാതി അതീവ ഗൗരവതരമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്ന വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരുടെ വിവരങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഹാജരാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ എഡിജിപിയില്‍ നിന്ന് വിശദീകരണം തേടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

എഡിജിപിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗവാസ്‌കര്‍ ഉന്നയിച്ചിരിക്കുന്നത്. എഡിജിപിയുടെ ഭാര്യയും മകളും നിരന്തരംതന്നെ അപമാനിക്കുകയാണെന്ന് ഗവാസ്‌കര്‍ പറയുന്നു. എഡിജിപിയുടെ വീട്ടില്‍ അടിമപ്പണിയാണ്. നായയെ കുളിപ്പിക്കാന്‍ നിര്‍ബന്ധിക്കും. അനുസരിച്ചില്ലെങ്കില്‍ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. ഒരിക്കല്‍ മകളുടെ മുന്നില്‍വച്ച് ചിരിച്ചെന്ന് പറഞ്ഞ് എഡിജിപി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

മകള്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാഞ്ഞതോടെയാണ് തനിക്കെതിരെ കേസ് കൊടുത്തത്. കേസ് പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഗവാസ്‌കര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more