1 GBP = 104.24

അഭിമന്യൂ വധം: പ്രധാന പ്രതികൾ പിടിയിലാകാത്തതിൽ സി.പി.എമ്മിൽ അതൃപ്തി

അഭിമന്യൂ വധം: പ്രധാന പ്രതികൾ പിടിയിലാകാത്തതിൽ സി.പി.എമ്മിൽ അതൃപ്തി

തിരുവനന്തപുരം: അഭിമന്യൂ വധത്തിൽ പ്രധാനപ്രതികൾ പിടിയിലാകാത്തതിൽ സി.പി.എമ്മിൽ അതൃപ്തി. യുവജനങ്ങൾക്കിടയിലെ അതൃപ്തിയാണ് സൈമൺ ബ്രിട്ടോ പരസ്യമായി പറഞ്ഞത്. പ്രതികളിലേക്ക് അന്വേഷണമെത്താത്തതിൽ സി.പി.എമ്മും സർക്കാരും ഒരുപോലെ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. യു.എ.പി.എ ചുമത്താൻ മടിക്കുന്നു എന്ന ആക്ഷേപത്തിനിടെ സൈമൺ ബ്രിട്ടോയുടെ വിമർശനവും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

സമീപകാലവിവാദങ്ങളിലെല്ലാം പൊലീസിനെ ന്യായീകരിച്ചിരുന്ന ഇടത്ക്യാമ്പില്‍ ആകെ ആശയകുഴപ്പം സൃഷ്ടിക്കുന്നതാണ് സൈമന്‍ ബ്രിട്ടോയുടെ വിമർശനം. പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന നിലയില്‍ ബ്രിട്ടോയുടെ വാക്കുകള്‍ക്ക് മൂർച്ച കൂടും. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ ഇത് ഉയര്‍ത്തി സി.പി.എം നടത്തുന്ന പ്രചരണത്തെ ഒന്നാകെ ബാധിക്കുന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം.

ആസൂത്രിതമെന്ന് സി.പി.എം തന്നെയാരോപിക്കുന്ന കേസില്‍ എന്ത് കൊണ്ട് യു.എ.പി.എ ചുമത്താന്‍ മടിക്കുന്നു?, മെട്രോ നഗരമധ്യത്തില്‍ നടന്ന കൊലപാതകമായിട്ടും പ്രധാനപ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ അവസരമൊരുങ്ങുന്നതെങ്ങനെ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കൃത്യമായ ഉത്തരം നൽകാൻ പൊലീസിന് കഴിയുന്നില്ല.

ആദ്യം ബി.ജെ.പിയും പിന്നാലെ യു.ഡി.എഫും ഉന്നയിച്ചതാണ് പോപ്പുലര്‍ ഫ്രണ്ട് -സിപിഎം ഒത്തുകളി. പുതിയ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ശക്തിപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യമാണ് സര്‍ക്കാരിന് മറ്റൊരു പ്രതിസന്ധി. മുഖ്യമന്ത്രി വിദേശ സന്ദര്‍സനത്തിലായതിനാല്‍ പൊലീസിലുള്ള ഭരണഇടപെടലുകള്‍ക്ക് പരിമിതിയുണ്ട് താനും.

അഭിമന്യുവിന്റെ കുടുംബം പൊലീസ് അന്വേഷണത്തിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു. പ്രതികളുടെ അറസ്റ്റ് വൈകുന്നത് തങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന വികാരം വിദ്യാർഥി യുവജനസംഘടനകളിലെ പലനേതാക്കള്‍ക്കുമുണ്ട്. അഭിമന്യുകൊലക്കേസില്‍ ഇടത് കേന്ദ്രത്തില്‍ നിന്ന് തന്നെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതിപക്ഷവും ഇത് ആയുധമാക്കാനൊരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more