1 GBP = 103.69
breaking news

ഐഫോൺ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു; കറുത്ത വർഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

ഐഫോൺ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു; കറുത്ത വർഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

കാലിഫോർണിയ: തോക്ക് കൈവശം വെച്ചുവെന്നാരോപിച്ച് കറുത്ത വർഗക്കാരനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് പൊലീസ് വെടിവെച്ച് കൊന്നു. എന്നാൽ യുവാവിന്‍റെ കയ്യിലുണ്ടായിരുന്നത് തോക്കല്ല, ഐഫോണാണെന്ന് പിന്നീടാണ് പൊലീസിന് മനസ്സിലായത്. ഹെലികോപ്റ്ററിൽ യുവാവിനെ പിന്തുടർന്ന പൊലീസ് 20 തവണയാണ് വെടിയുതിർത്തത്. സംഭവം നടക്കുമ്പോൾ മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും വീടിന്‍റെ മുറ്റത്തായിരുന്നു കൊല്ലപ്പെട്ട സ്റ്റീഫൻ ക്ളാർക്ക്. ആഫ്രിക്കൻ അമേരിക്കൻ വംശജന്‍റെ കൊലപാതകത്തെ തുടർന്ന് കാലിഫോർണിയയിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

സംഭവത്തിന്‍റെ ബോഡി കാമറ, ഹെലികോപ്റ്റർ ഫൂട്ടേജുകൾ പൊലീസ് ഡിപ്പാർട്ട്മെന്‍റ് തന്നെയാണ് പുറത്തുവിട്ടത്. പൊലീസിന് ലഭിച്ച ടെലിഫോൺ കോളിനെ തുടർന്ന് ഇൻഫ്രാറെഡ് കാമറയുള്ള ഹെലികോപ്റ്ററുമായി യുവാവിനെ പിന്തുടരുകയായിരുന്നു. തങ്ങളുടെ കാറിന്‍റെ വിൻഡോ ആരോ ഉടക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. അയൽപക്കത്തെ വീട്ടുമതിൽ ചാടിക്കടന്ന് തന്‍റെ വീട്ടിലേക്ക് ഓടിക്കയറുന്ന ക്ളാർക്കിനെക്കണ്ട് അക്രമിയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. ക്ളാർക്കിന്‍റെ കൈയിലുണ്ടായിരുന്ന ഐ ഫോൺ കണ്ട് ‘തോക്ക് തോക്ക്’ എന്ന് പറയുന്ന പൊലീസുകാരന്‍റെ ശബ്ദവും ഫൂട്ടേജിൽ വ്യക്തമാണ്.

കൈവശമുള്ള തോക്കുപയോഗിച്ച് ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് അധികൃതർ വിശദീകരിച്ചു. എന്നാൽ യുവാവിന്‍റെ പക്കൽ നിന്നും ഒരു സെൽഫോൺ മാത്രമാണ് ലഭിച്ചതെന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രമസമാധാനപാലനത്തിന്‍റെ പേരിൽ വർഷം തോറും പൊലീസ് ആക്രമണത്തിന് വിധേയരാകുന്ന ആഫ്രിക്കൻ^അമേരിക്കൻ വംശജരെക്കുറിച്ച് വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വീണ്ടും തുടക്കമിടുകയാണ് പുതിയ സംഭവവികാസങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more