1 GBP = 103.76

ഇറാഖില്‍ തടവിലാക്കപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ഇറാഖില്‍ തടവിലാക്കപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ദില്ലി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 2014 ലാണ് മൊസൂളില്‍ നിന്ന് ഇവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിക്കുകയായിരുന്നു.

ബന്ധികളാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി വിവിധ തരത്തില്‍ നയതന്ത്രനീക്കങ്ങള്‍ നടത്തിവരുകയായിരുന്നു. കൂട്ടത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന കുഴിമാടത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ഡിഎന്‍എ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇറാഖില്‍ ബന്ധികളാക്കപ്പെട്ട ഇന്ത്യക്കാര്‍. കൂടുതല്‍പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. നിര്‍മാണപ്രവര്‍ത്തനത്തിനായി ഇറാഖില്‍ പോയ തൊഴിലാളികളാണ് കൊല്ലപ്പെട്ടവര്‍.

2014 ജൂണ്‍ 14നാണ് ഐഎസ് ഭീകരര്‍ ഇന്ത്യക്കാരായ 39 പേരെ തട്ടികൊണ്ടു പോകുന്നത്. തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍. മൊസൂളില്‍ ഐഎസ് ആക്രമണം തീവ്രമായതിനെ തുടര്‍ന്ന്, രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ഐഎസിന്റെ പിടിയില്‍പ്പെടുന്നത്.

ഡിഎന്‍എ പരിശോധനയില്‍ 38 മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഒരു മൃതദേഹം തിരിച്ചറിയുന്നതില്‍ 70 ശതമാനം കൃത്യതയേയുള്ളൂവെന്നും എങ്കിലും ഈ മൃതദേഹവും ഇന്ത്യക്കാരന്റേത് തന്നെയെന്നും കരുതുന്നതായും മന്ത്രി അറിയിച്ചു. മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുകയെന്നത് ഏറെ ദുഷ്‌കരമായിരുന്നുവെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിരന്തരമായി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. മൊസൂള്‍ ഐഎസ് പിടിയില്‍ നിന്ന് മോചിതമായിതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി വികെ സിംഗ് ഇറാക്കിലെത്തുകയും വിഷത്തില്‍ തുടര്‍ ഇടപെടലുകള്‍ നടത്തിയെന്നും മന്ത്രി അറിയിച്ചു.

ബന്ധികളാക്കപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും സഹമന്ത്രിമാരായ വികെ സിംഗിനും എംജെ അക്ബറിനുമൊപ്പം

ഐഎസ് തീവ്രവാദികളുടെ കേന്ദ്രമായ മൊസൂളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട മൃതദേഹാവിശിഷ്ടങ്ങള്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കൊണ്ടുവരുകയും തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഈ പരിശോധനയിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിലടക്കം സര്‍ക്കാരിനോട് വിശദീകരണം തേടിയപ്പോള്‍ ബന്ധികളാക്കപ്പെട്ട ഇന്ത്യക്കാര്‍ മൊസൂളിലെ ബാദുഷ് ജയിലിലുണ്ടെന്നും ഇവരെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നുമായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി. ബന്ധികള്‍ക്കൊപ്പമുണ്ടായിരുന്ന ഗുര്‍ദാസ്പൂര്‍ സ്വദേശി ഹര്‍ജിത് മാസിഹ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നു. തനിക്കൊപ്പമുള്ളവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നും താന്‍ അതിന് സാക്ഷിയാണെന്നും ഹര്‍ജിത് വെളിപ്പെടുത്തിയെങ്കിലും ഇത് നിഷേധിക്കുന്ന നിലപാടിലായിരുന്ന കേന്ദ്രസര്‍ക്കാര്‍, ബന്ധികള്‍ ജയിലിലുണ്ടെന്ന് ഉറപ്പിച്ചുപറയുകയായിരുന്നു. സര്‍ക്കാര്‍ ഇറാക്കില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ കബളിപ്പിക്കുകയാണന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് സിംഗ് ബജുവ ആരോപിച്ചിരുന്നു.

മന്ത്രിയുടെ മറുപടിക്ക് ശേഷം സംസാരിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ ഇറാഖിലെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അറിയിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെയും ജനങ്ങളെയും വിഡ്ഢികളാക്കിയതില്‍ പ്രതിപക്ഷനേതാവ്പ്രതിഷേധവും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more