1 GBP = 104.37
breaking news

ഷുഹൈബ് വധം: ഇന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ്

ഷുഹൈബ് വധം: ഇന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ്

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയൽ പരേഡിന് ഹാജരാക്കും. കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരു‌ടെ തിരിച്ചറിയൽ പരേഡ് കണ്ണൂർ സ്‌പെഷ്യൽ ജയിലിലാണ് നടക്കുന്നത്. അതേസമയം, ഷുഹൈബിന്റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസിൽ ആകാശ് തില്ലങ്കേരി, രജിൻരാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ജില്ലയുടെ വിവിധയിടങ്ങളിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇവരിലേക്ക് എത്തിച്ചേരാനാവാതെ കുഴങ്ങുകയാണ് പൊലീസ് സംഘം. പ്രതികൾ ഒളിവിൽ കഴിയുന്നത് അത്രയും സുരക്ഷിതകേന്ദ്രങ്ങളിലാണെന്നാണ് വിവരം.

പ്രതികൾ സഞ്ചരിച്ച വാഹനം ഏർപ്പാടാക്കിയത് ആകാശ് തില്ലങ്കേരിയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുമ്പുള്ള ദിവസം ആകാശ് തളിപ്പറമ്പിലെത്തിയതായാണ് വിവരം. വാഹനത്തിനായി വയനാട് ജില്ലയിൽ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആകാശിനും രജിൻരാജിനുമൊപ്പം മറ്റു മൂന്നു പേർ കൂടി അക്രമിസംഘത്തിൽ ഉണ്ടെന്നു പൊലീസ് പറയുന്നു. ഇവരിൽ രണ്ടു പേർ ഡിവൈ.എഫ്.ഐ. പ്രവർത്തകരാണ്.തില്ലങ്കേരി, മട്ടന്നൂർ ഭാഗങ്ങളിലുള്ളവരാണ് ഇവർ. സി.പി.എം. പ്രാദേശിക നേതാക്കളുടെ സഹായവും അക്രമിസംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഗൂഢാലോചന വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

കേസിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഷുഹൈബിനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂട്ടത്തിലുണ്ടായിരുന്നയാൾ കൃത്യത്തിന് ശേഷം ആയുധങ്ങൾ കൊണ്ടുപോയെന്നാണ് ആകാശിന്റെ മൊഴി. ഇത് ദൂരസ്ഥലത്തേക്ക് കടത്തിയിരിക്കാമെന്ന് പൊലീസ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more