1 GBP = 103.90

റാഫേല്‍ ഇടപാടിന് രഹസ്യസ്വഭാവമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി

റാഫേല്‍ ഇടപാടിന് രഹസ്യസ്വഭാവമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിന് രഹസ്യസ്വഭാവമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്ത് വിടുന്നതിന് വിലക്കുന്ന വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് കള്ളമാണെന്ന് എ.കെ ആന്റണി പറഞ്ഞു.

2008ലെ രഹസ്യ ധാരണ റാഫേലിന് ബാധകമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ല്‍ ആണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുമെന്നും ആന്റണി വ്യക്തമാക്കി. റാഫേല്‍ ഇടപാടിനെ കുറിച്ച് വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തേയും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തു. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. 2008 ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണു ബിജെപി സഭയില്‍ ഹാജരാക്കിയത്.

റാഫേല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല.

126 റാഫേല്‍ വിമാനങ്ങള്‍ക്കാണു യുപിഎ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തു.

യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

റാഫേല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് അറിയിച്ചിട്ടും മോദിയും സംഘവും അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്എഎല്ലില്‍നിന്ന് എടുത്തുമാറ്റി, ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആന്റണി ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more