1 GBP = 103.91

കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആളുണ്ട്: ജി.എൻ.പി.സി

കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആളുണ്ട്: ജി.എൻ.പി.സി

ഫേസ്ബുക്ക് ലോകത്തെ മലയാളികളിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എൻ.പി.സി) എന്ന് കേൾക്കാത്തവർ കാണില്ല. കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പാണിത്. കുറഞ്ഞകാലം കൊണ്ട് 16 ലക്ഷത്തിലധികം പേർ അംഗങ്ങളായ ഈ ഗ്രൂപ്പിൽ രണ്ട് ലക്ഷത്തോളം പേർ സ്ത്രീകളാണ്. മദ്യം മാത്രമല്ല, ജീവിതത്തിന്റെ വ്യത്യസ്ത രുചിഭേദങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ചർച്ച ചെയ്യാനുള്ള വേദിയായ ഗ്രൂപ്പിൻറെ വിശേഷങ്ങൾ അഡ്മിൻ ടി.എൽ. അജിത് കുമാർ പ്രമുഖ വാർത്താ ചാനലായ ന്യൂസ് 18 കേരളം സീനിയർ ന്യൂസ് എഡിറ്റർ എസ്. ലല്ലുവുമായി പങ്കുവെക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പ്…

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ്. ഇന്ത്യയിലെ ആറാമത്തേത്. ലോകത്ത് സീക്രട്ട് ഗ്രൂപ്പുകളിൽ ഏറ്റവും വലുത്. പ്രതിദിനം 13,000ത്തോളം പോസ്റ്റുകൾ‌ വരും. ഗൾഫ് നാടുകളിലെ അവധിദിനങ്ങളിൽ ഇത് 25,000വരെയാകും.

ജി.എൻ.പി.സിയുടെ തുടക്കം…

കഴിഞ്ഞ നാലുവർഷമായി ഭക്ഷ്യവിഭവങ്ങളുടെയും നല്ല നാടൻ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെക്കുറിച്ചും സോഷ്യൽ മീഡിയകളിൽ താൻ റിവ്യൂ എഴുതാറുണ്ട്. 2017 മെയ് ദിനത്തിലാണ് ഒരു ഗ്രൂപ്പ് തുടങ്ങാമെന്ന ആശയം രൂപംകൊണ്ടത്. രണ്ട് മണിക്കൂർ കുത്തിയിരുന്ന് ആലോചിച്ചാണ് ജി.എൻ.പി.സിയെന്ന പേരിലേക്ക് എത്തിയത്. സൗഹൃദപട്ടികയിലുള്ള 800ഓളം പേരെ ചേർത്തിട്ടാണ് ഗ്രൂപ്പ് തുടങ്ങിയത്. ഫുഡ്, ട്രാവൽ, ഡ്രിങ്ക്സ് എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം ചർച്ച ചെയ്തു. ‌2018 ഏപ്രിൽ 24 ആയപ്പോൾ 75,000 അംഗങ്ങളായി. മെയ് ദിനത്തിലെ പിറന്നാൾ ദിനം ആഘോഷമാക്കിയാലോ എന്ന ചോദ്യം ഗ്രൂപ്പിൽ പങ്കുവെച്ചപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ മെയ് ദിനത്തിൽ അംഗങ്ങളുടെ എണ്ണം നാലു ലക്ഷമായി. അത് ആഘോഷമാക്കാൻ ഒരുങ്ങിയപ്പോൾ അംഗങ്ങളുടെ എണ്ണം എട്ടുലക്ഷമായി. അത് വളർന്ന് പന്തലിച്ച് ഇപ്പോൾ 16 ലക്ഷം പിന്നിട്ടു.

16 ലക്ഷം മെമ്പർമാരെ മേച്ചുകൊണ്ടുപോകൽ…

ഇടയ്ക്ക് രണ്ടെണ്ണം വീശുന്നവര്‍ തമ്മിലുള്ള കമ്പനി രസകരമാണെന്ന് പറയാറുണ്ട്. എന്നാൽ ഈ ഗ്രൂപ്പിലുള്ള 16 ലക്ഷംപേരെ ഒരുമിച്ച് കൊണ്ടുപോവുക എന്നത് ചെറിയ കാര്യമല്ല. ഈ കൂട്ടായ്മയിൽ രാഷ്ട്രീയമോ മതസ്പർധ വളർത്തുന്ന സംഭാഷണങ്ങളോ പാടില്ലെന്നും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കാവൂയെന്നും അംഗങ്ങളെ ഓർമിപ്പിക്കാറുണ്ട്. സ്നേഹം മാത്രമുള്ള കൂട്ടായ്മയാണ്. പ്രാദേശികമായ വേർതിരിവുകളോ ആൺ-പെൺ വ്യത്യാസമോ ഒന്നും ഗ്രൂപ്പിൽ അനുവദനീയമല്ല.

അംഗങ്ങളെ നിയമിക്കാൻ വലിയൊരു ടീം ഉണ്ട്. താനും ഭാര്യയുമാണ് അഡ്മിൻമാർ. കൂടാതെ വിവിധ രാജ്യങ്ങളിൽ ജോലി നോക്കുന്ന 38 പേർ മോഡറേറ്റർമാരുമുണ്ട്.

ലോകത്തെവിടെയും കാണാം ഒരു ജി.എൻ.പി.സിക്കാരനെ…

ചന്ദ്രനിൽ ചെന്നാലും ഒരു മലയാളിയുണ്ടാകുമെന്ന് പറയുന്നതുപോലെ ലോകത്തെവിടെ എത്തിയാലും അവിടെ ഒരു ജി.എൻ.പി.സിക്കാരനുണ്ടാകും. ഗ്രൂപ്പിന്റെ ഒന്നാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ, ഇംഗ്ലണ്ടിൽ ലണ്ടൻ‌ ബ്രിഡ്ജിന് കീഴിൽ 107 പേർ ഒന്നിച്ചുകൂടിയായിരുന്നു സെലിബ്രേഷൻ.

അതേദിവസനം തന്നെ സ്വിറ്റ്സർലൻ‌റിലും ജർമനിയിലും യു.എസിലും അംഗങ്ങൾ ആഘോഷം കെങ്കേമമാക്കി.

ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം….

മദ്യപാനത്തെ ഒരുവിധത്തിലും ജി.എൻ.പി.സി പ്രോത്സാഹിപ്പിക്കുന്നില്ല. കുടിയന്മാരെല്ലാം അധകൃതരാണെന്നും കുടിച്ച് വഴിയിൽ കിടക്കുന്നവരുമാണെന്ന ധാരണക്ക് മാറ്റം വരുത്താൻ കൂട്ടായ്മക്ക് കഴിഞ്ഞു. പല ഫോട്ടോകളുംഅംഗങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കുടുംബസമേതം വൈൻ കഴിക്കുന്നതുൾപ്പെടെ. ആ ഫോട്ടോക്കൊന്നും കീഴിൽ അധിക്ഷേപവുമായി ആരും വരാറില്ല. ഒരുതുള്ളി മദ്യംപോലുംലഭിക്കാത്ത സൗദിയിൽ ആയിരത്തോളം പേർ അംഗങ്ങളാണ്. ഇവർ ഇടക്കിടെ ഒത്തുചേരും. രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കും.

മാതൃകയാകേണ്ട പ്രവർത്തനം….

ആലപ്പുഴയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ യുവാവിന് ഷിപ്പിൽ ജോലി കിട്ടി. മെഡിക്കലിനിടെ ബയോപ്സി റിപ്പോർട്ടിലാണ് ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. ചികിത്സക്കായി 17 ലക്ഷമാണ് വേണ്ടത്. ഗ്രൂപ്പിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ നാലുദിവസം കൊണ്ട് ആ യുവാവിന്റെ അക്കൗണ്ടിലെത്തിയത് ആറു ലക്ഷം രൂപ.
ഇടുക്കി അടിവാരത്തിൽ സ്കൂൾ തുറന്ന ദിനം. ബാഗും കുടയുമില്ലാതെ മഴ നനഞ്ഞ് സ്കൂളിലേക്ക് പോകുന്ന 11 കുട്ടികളുടെ ചിത്രം ഗ്രൂപ്പിൽ വന്നു. ഒറ്റമണിക്കൂർ കൊണ്ട് ബാഗും കുടയും കുട്ടികളുടെ കൈകളിലെത്തി. തീരെ ദരിദ്രകുടുംബത്തിലെ കുട്ടികളുടെ പഠനചെലവ് ഗ്രൂപ്പ് അംഗങ്ങൾ‌ ഏറ്റെടുത്തു.

പരിസ്ഥിതിദിനത്തിൽ വീട്ടിന്റെ പരിസരത്ത് ഒരുവൃക്ഷത്തൈ നട്ട്, അതിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ 15,000 ചിത്രങ്ങളാണ് അംഗങ്ങൾ പോസ്റ്റ് ചെയ്തത്.

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി ജി.എൻ.പി.സിക്ക് ആശംസ അർപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇനി ലോഗോയും ഒരു സെലിബ്രിറ്റിയെവെച്ച് പ്രകാശനം ചെയ്യിക്കണമെന്നാണ് ആഗ്രഹം. ഇനി യാത്രകൾക്കും ഭക്ഷണവിഭവങ്ങൾക്കുമായിരിക്കും പ്രാധാന്യം നൽകുക.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്- മദ്യപാനം ആരോഗ്യത്തിന് ഹാനികരം)​

വാർത്ത കടപ്പാട്: ന്യൂസ് 18 കേരളം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more