1 GBP = 103.75

കോഴിക്കോട്ട് പനി ബാധിച്ച് മൂന്ന് മരണം; മരണകാരണം അപൂർവ്വയിനം വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്ട് പനി ബാധിച്ച് മൂന്ന് മരണം; മരണകാരണം അപൂർവ്വയിനം വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ പനി ബാധിച്ച് മരിച്ചു. മരണകാരണം അപൂര്‍വയിനം വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഏതുതരം വൈറസാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, പനി ബാധിച്ച് മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം നാളെ പുറത്തുവരും. ഇതിന് ശേഷമെ ഏതുതരം വൈറസാണ് മരണകാരണമായതെന്ന് വ്യക്തമാവുകയുള്ളൂ. കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. ഇതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘവും പരിശോധന നടത്തി.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേരാണ് രണ്ടാഴ്ച്ചക്കിടയില്‍ മരണമടഞ്ഞത്. പേരാമ്പ്ര സ്വദേശിനി മറിയം ആണ് ഇന്നലെ വൈകിട്ടോടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ മരിച്ചിരുന്നു. ഇതില്‍ സാലിഹിന്റെ പിതാവ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഒപ്പം സാലിഹിന്റെ പ്രതിശ്രുത വധു പനി ബാധിച്ച് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. മസ്തിഷ്‌കത്തിലും ഹൃദയത്തിലും ഉണ്ടായ വൈറസ് ബാധമൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത്, പേരാമ്പ്ര പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറോളം പേരുടെ രക്തസാംപിളുകള്‍ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ രോഗികളുമായി അടുത്തിടപഴകിയവരുടെ ലിസ്റ്റ് തയാറാക്കി സുക്ഷ്മ നിരീക്ഷണം നടത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഇടപെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷയത്തിന്റെ ഗൗരവും കണക്കിലെടുത്ത് മണിപ്പാല്‍, അമൃത ആശുപത്രിയില്‍ നിന്ന് ഉള്‍പ്പടെ ഉന്നത തല സംഘം കോഴിക്കോട് ക്യാമ്പ് ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more