1 GBP = 103.84
breaking news

ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ

ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ

തിരുവനന്തപുരം: ചികിത്സയ്ക്കിടെ കാണാതായ ലാത്വിയന്‍ സ്വദേശിനി ലിഗയെ തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് കുടുംബം. ലിഗയെ കാണാതായ സംഭവത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം ആരോപിച്ചു. ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരി ഇല്‍സ അഭിപ്രായപ്പെട്ടു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം. ഇക്കാര്യം വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ലിഗയുടെ സഹോദരി  ഇലീസ് ചൂണ്ടിക്കാട്ടി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ് പറയുന്നതെങ്കില്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്നും ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ലിഗയുടെ ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇല്‍സ പറഞ്ഞു.

സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ലിഗയുടേത് കൊലപാതകമാണെന്നാണ്. മരണത്തില്‍ ഉന്നയിച്ച അസ്വഭാവികതയില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് ഗൗരവമായി കണ്ട് അന്വേഷണം തുടങ്ങിയത്. മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നത് വരെ പോരാട്ടം തുടരും. ഇല്‍സ പറഞ്ഞു.

കോവളം ബീച്ചിനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത സഹോദരി അവിടെ നിന്നും ആറ് കിലോമീറ്റര്‍ മാറിയുള്ള ഇത്തരമൊരു പ്രദേശത്ത് എങ്ങനെ എത്തിപ്പെട്ടു. ഈ സ്ഥലത്തെപ്പറ്റി വ്യക്തമായി അറിയാവുന്ന ഒരാളുടെ സഹായം ലഭിക്കാതെ ഒരു വിദേശിക്കോ പുറത്തുനിന്നുള്ള ഒരാള്‍ക്കോ ഇവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. പ്രദേശവാസികളുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരമരുന്ന് ഉപയോഗിക്കുന്നവരുടെയും സ്ഥിരം കേന്ദ്രമാണെന്ന് അറിയാനിടയായി. പകല്‍ സമയത്ത് പോലും പ്രദേശവാസികള്‍ എത്താന്‍ മടിക്കുന്ന ഇവിടേക്ക് ലിഗ ഒരിക്കലും ഒറ്റയ്ക്ക് എത്തില്ല. ഇതൊക്കെയാണ് ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം. ഇല്‍സ വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു പറഞ്ഞു. ലിഗയുടെ മരണത്തിന്‍റെ പേരില്‍ കേരളത്തെ ആരും കുറ്റപ്പെടുത്തേണ്ടതില്ല. ലോകത്തെവിടെയും ഇതു സംഭവിക്കാം. ലിഗയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ സഹായവും പിന്തുണയുമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ലോകത്തെവിടെ നിന്നും ഇത്രയും സ്നേഹവും നന്മയും പ്രതീക്ഷിക്കാനാവില്ല. ലിഗ അവസാനമണിക്കൂറുകള്‍ ചിലവിട്ട തിരുവല്ലം മേഖലയിലെ ജനങ്ങള്‍ക്ക് മരണം സംബന്ധിച്ച എന്തെങ്കിലും തെളിവുകളോ വിവരങ്ങളോ ലഭിക്കുകയാണെങ്കില്‍ പോലീസിന് കൈമാറണമെന്നും ആന്‍ഡ്രു അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more