1 GBP = 103.69

ബഹ്‌റയുടെ വീട്ടിലും 36 ദാസന്‍മാര്‍; യൂണിഫോം ഇടാതെ സുഖിക്കുന്നത് 3200 പൊലീസുകാര്‍

ബഹ്‌റയുടെ വീട്ടിലും 36 ദാസന്‍മാര്‍; യൂണിഫോം ഇടാതെ സുഖിക്കുന്നത് 3200 പൊലീസുകാര്‍

തിരുവനന്തപുരം: സേനയെ ഒന്നാകെ നാണക്കേടിലാക്കിയ അടിമപ്പണി വിവാദത്തില്‍ വേലി തന്നെ വിളവു തിന്നുന്ന ദുര്യോഗത്തില്‍ കേരള പൊലീസ്. ഉദ്യോഗസ്ഥരുടെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരുത്തി അവരെ നേര്‍വഴിക്കു നടത്തേണ്ട സംസ്ഥാന പൊലീസ് മേധാവിയുടെ വീട്ടിലും അടിമപ്പണിയെന്ന പുതിയ വെളിപ്പെടുത്തല്‍ പൊലീസിനെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചിരിക്കുകയാണ്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ ഔദ്യോഗിക വസതിയില്‍ 36 പൊലീസുകാരെയാണ് വീട്ടുപണിയ്ക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 11 ക്യാമ്പ് ഫോളോവര്‍മാരും ഉള്‍പ്പെടും. ക്യാമ്പ് ഫോളോവേഴ്‌സിനെ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വീട്ടുജോലിക്കും ഉപയോഗിക്കരുതെന്ന മുന്‍ പൊലീസ് മേധാവി സെന്‍കുമാറിന്റെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ്, അദ്ദേഹത്തിനു പിന്നാലെ ഡിജിപി കസേരയിലെത്തിയ ബഹ്‌റ ഉത്തരവ് ലംഘിച്ചിരിക്കുന്നത്.

ഡി.ജി.പിയ്‌ക്കെതിരെ അടിമപ്പണി എന്ന ഗുരുതര ആരോപണവുമായി ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനാണ് രംഗത്തെത്തിയത്. ക്യാമ്പ് ഫോളോവേഴ്‌സിന്റെ അടിമപ്പണി വിവാദമായതിനെ തുടര്‍ന്ന് ഏതാനും ചില പൊലീസുകാരെ ക്യാമ്പിലേക്ക് മടക്കി അയച്ചിരുന്നു. എന്നാല്‍ ഇനിയും നിരവധി പേര്‍ ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അവരെക്കൂടി തിരിച്ചുവിളക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.

ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെയും വി.ഐ.പികളുടെയും ആശ്രിതരായി, പണി ചെയ്യാതെ സര്‍ക്കാരിനെ കബളിപ്പിച്ച് ശമ്പളം പറ്റുന്ന 3200 പേരുണ്ടെന്ന് പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ആയിരിക്കെ ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപടി കാത്ത് ഇപ്പോഴും സംസ്ഥാന പൊലീസ് മേധാവിക്കു മുന്നിലുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ അടിമപ്പണിക്ക് നിയോഗിക്കുന്നതിനു പുറമെ സ്വമേധയാ രാഷ്ട്രീയക്കാരുടെയും വി.ഐ.പികളുടെയും സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ വര്‍ഷങ്ങളായി ഒപ്പം കൂടിയ പൊലീസുകാരും സേനയിലുണ്ട്. ഇതില്‍ ഗണ്‍മാന്‍മാരായി മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രി സ്ഥാനം നടഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സേനയിലേക്കു മടങ്ങിയെത്തിയിട്ടില്ല.

മുന്‍കേന്ദ്രമന്ത്രി എ.കെ ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയില്‍ മാത്രം അഞ്ചോളം പൊലീസുകാരാണ് വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. വല്ലപ്പോഴുമാണ് ആന്റണി കേരളത്തില്‍ എത്താറുള്ളത്. അതുകൊണ്ടു തന്നെ ആന്റണിക്ക് സുരക്ഷ ഒരുക്കുന്നതിനു പകരം അദ്ദേഹത്തിന്റെ വീടിന് സുരക്ഷ ഒരുക്കുകയാണ് ഇവര്‍ യതാര്‍ഥത്തില്‍ ചെയ്യുന്നത്. മന്ത്രി അല്ലാത്ത സാഹചര്യത്തില്‍ സുരക്ഷയ്ക്ക് ഒരു ഗണ്‍മാന്‍ മാത്രം മതിയെന്നിരിക്കെ അഞ്ചോളം പൊലീസുകാര്‍ എന്തിനാണ് ഈ വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്ന ചോദ്യവും പ്രസക്തം. ആദര്‍ശത്തിന്റെ നേര്‍രൂപമെന്ന് അവകാശപ്പെടുന്ന എ.കെ ആന്റണിയാകട്ടെ സര്‍ക്കാര്‍ ഖജനാവിനു തുരങ്കം വയ്ക്കുന്ന ഈ നിയമലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്.

അടിമപ്പണിയെന്ന വിവാദം ഉയരുമ്പോഴും യൂണിഫോം ഇടാതെ മറ്റേതെങ്കിലും പണി ചെയ്ത് പൊലീസിന്റെ ശമ്പളം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് സേനയിലുള്ളത്. ഇത്തരക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെയും വി.ഐ.പികളേയും മണിയടിച്ച് അവര്‍ക്കൊപ്പം കയറിപ്പറ്റുകയാണ് പതിവ്.

മേലുദ്യോഗസ്ഥരെയും നേതാക്കളെയും പ്രീതിപ്പെടുത്തി ഇത്തരം ജോലി സംഘടിപ്പിച്ചെടുക്കാനും പൊലീസുകാര്‍ക്കിടയില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ അടുക്കളയിലും തോട്ടിപ്പണിയ്ക്കുമൊക്കെ നിയോഗിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more