1 GBP = 103.89

മകര സംക്രമ സന്ധ്യക്ക് അയ്യപ്പ ഭജനയുമായി കവന്‍ട്രി ഹിന്ദു സമാജം ; കഥാസദസ്സില്‍ ഞായറാഴ്ച ഹരീഷ് പാലായും അമൃത അജിയും

മകര സംക്രമ സന്ധ്യക്ക് അയ്യപ്പ ഭജനയുമായി കവന്‍ട്രി ഹിന്ദു സമാജം ; കഥാസദസ്സില്‍ ഞായറാഴ്ച ഹരീഷ് പാലായും അമൃത അജിയും

ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കപ്പെടുന്ന മകര സംക്രമ മുഹൂര്‍ത്തത്തിന് ഭൗമ മണ്ഡലം തയ്യാറെടുക്കവേ കവന്‍ട്രി ഹിന്ദു സമാജവും ഈശ്വര സാന്നിധ്യം നിറയുന്ന അവസരത്തില്‍ പ്രത്യേക പൂജയും ഭജനയും സംഘടിപ്പിക്കുന്നു . ശനീശ്വര പൂജയിലൂടെ മകര സംക്രമ ചൈതന്യം മനസ്സിലും ശരീരത്തിലും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മകരസംക്രമ പൂജകള്‍ ഹൈന്ദവ വിശ്വാസത്തില്‍ പ്രധാനമാകുന്നത്. ഭാരതമൊട്ടാകെ മകര സംക്രമ പൂജകള്‍ നടക്കുമ്പോഴും ശബരിമലയിലെ ജ്യോതി പുണ്യം ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നു എന്ന പ്രത്യേകതയും കൂടി പരിഗണിച്ചാണ് 14 ശനിയാഴ്ച നടക്കുന്ന മകര സംക്രമ ദിനത്തിന് മുന്നോടിയായി ഞായറാഴ്ച കവന്‍ട്രി ഹിന്ദു സമാജം പ്രത്യേക പൂജയും ഭജനയും നടത്തുന്നത് . സൂര്യ മണ്ഡലത്തിലെ പ്രധാന നക്ഷത്രമായ മകരത്തിന്റെ പ്രഭാവലയം പ്രത്യക്ഷമാകുന്ന ദിവസം കൂടി ആയതിനാല്‍ ഭൗമശാസ്ത്രപരമായും സംക്രമ ദിനം ഏറെ പ്രത്യേകതകള്‍ അര്‍ഹിക്കുന്നു . ഇത്തവണ ശനി ദേവന്‍ കൂടിയായ അയ്യപ്പ സ്വാമിയുടെ ഇഷ്ട്ട ദിനമായ ശനിയാഴ്ച തന്നെ മകര സംക്രമ ദിനം എത്തിയിരിക്കുന്നതിനാല്‍ ശാക്തേയ പൂജയുടെ പ്രാധാന്യം വര്‍ധിക്കുകയാണ് .

ശൈത്യകാലം പിന്നിട്ടു ഭൂമി വസന്തത്തെ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്ന മാസം കൂടിയായ മകരത്തിന്റെ പിറവി കൂടിയാണ് മകര സംക്രമ ദിനം . ഇക്കാരണത്താല്‍ തന്നെ പുതു പിറവിയായും മകര സംക്രമ ദിനം കരുതപ്പെടുന്നു . മനസും ശരീരരവും ഒരു പുതുകാലത്തെ വരവേല്‍ക്കാന്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് വൃതമെടുത്തുള്ള മകര സംക്രമ ആഘോഷം . ഓരോ മാസവും നടത്തുന്ന ഭജനയുടെയും ഒത്തുകൂടലിന്റെയും ഭാഗമായാണ് മകര സംക്രമ വേളയില്‍ കവന്‍ട്രി ഹിന്ദു സമാജം പ്രത്യേക ചടങ്ങുകള്‍ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്ര രചന മത്സരവും പതിവ് പോലെ പ്ലാന്‍ ചെയ്തിട്ടുണ്ട് . മകര സംക്രമത്തിന്റെ പ്രാധാന്യം കൂടി ഉള്‍ക്കൊള്ളിച്ചുള്ള ക്വിസ് മത്സരത്തില്‍ മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കും . ഹൈന്ദവ പുരാണങ്ങളിലെ കഥാസാഗരം തേടിയുള്ള യാത്രയില്‍ ഇത്തവണ മുതിര്‍ന്നവര്‍ക്കായി ഹരീഷ് പാലായും കുട്ടികള്‍ക്കായി അമൃത അജിയും കഥാ സദസ്സില്‍ പങ്കെടുക്കും .

മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകളും ചിത്ര രചനയും നടത്തുന്നത് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് . മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് . ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നതു . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് അദ്ധ്യാത്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more